ചലച്ചിത്ര നടി റാഷി ഖന്നയുടെ കാരവാനിൽ മോഷണം നടന്നതായി റിപ്പോർട്ട്. കാരവാനിലെ ജീവനക്കാരനെ അണിയറ പ്രവർത്തകർ കൈയോടെ പിടികൂടിയെന്നാണ് വിവരം. നടിയുടെ ഹാൻഡ് ബാഗിൽ നിന്നു 50,000 രൂപ മോഷ്ടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി പുറത്താക്കി. സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടാണെന്നും അണിയറ പ്രവർത്തകർ പറയുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റാഷി ഖന്ന തയ്യാറായില്ല. നടിയുടെ ബാഗിൽ നിന്നല്ല, അവരുടെ മാനേജരുടെ ബാഗിൽ നിന്നാണ് പണം മോഷണം പോയതെന്ന് ടീം വിശദീകരിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നടിയാണ് റാഷി ഖന്ന. മലയാളത്തിൽ മോഹൻലാൽ നായകനായ “വില്ലൻ”, പൃഥ്വിരാജ് അഭിനയിച്ച “ഭ്രമം” എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. “ഉസ്താദ് ഭഗത് സിംഗ്” ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാലോളം പുതിയ സിനിമകൾ ഇപ്പോൾ നിർമ്മാണത്തിലാണ്.






