കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്.
ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ചതായി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. താൻ ഇപ്പോൾ ആ വകുപ്പിൽ ചുമതലയിൽ ഇല്ലെന്നും നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹനീഷ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ മാപ്പപേക്ഷയിൽ തീരുമാനം എടുക്കുന്നത് കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
കശുവണ്ടി വികസന കോർപ്പറേഷനിലെ 80 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവർക്കെതിരെ വിചാരണയ്ക്ക് അനുമതി നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു.
പ്രോസിക്യൂഷൻ അനുമതി നൽകാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും, അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കേസിൽ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെയും കക്ഷിചേർത്തിട്ടുണ്ട്.






