കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ തലേന്ന് ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം ഗതാഗത തടസ്സത്തിനും സംഘർഷത്തിനും ഇടയാക്കി. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ബസ് സ്റ്റാൻഡിന് സമീപം ഒരു സംഘം യുവാക്കൾ റോഡിന് നടുവിൽ പടക്കം പൊട്ടിക്കുകയും വാഹനങ്ങൾ തടഞ്ഞുനിർത്തുകയും ചെയ്തതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ദീർഘദൂര യാത്രക്കാരടക്കമുള്ള നിരവധി പേർ നടുറോഡിൽ കുടുങ്ങി.
തിരക്കേറിയ ദേശീയപാതയിൽ അപകടസാധ്യത ഉയർത്തിയ രീതിയിലായിരുന്നു ആഘോഷമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗതാഗത തടസ്സത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ രംഗത്തെത്തിയതോടെ സ്ഥലത്ത് തർക്കവും കയ്യാങ്കളിയും ഉണ്ടായി.




