ന്യൂഡല്‍ഹി: അഹമ്മദാബാദ് ആകാശദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വിവരങ്ങള്‍ ദില്ലിയിലെ ലാബില്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളിലുടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്‌സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗണ്‍ലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറിലെയും ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെയും വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജൂണ്‍ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂണ്‍ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. ജൂണ്‍ 24ന് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ദില്ലിയില്‍ എത്തിച്ചാണ് പരിശോധിച്ചത്.
ജൂണ്‍ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ ശ്രേണിയിലെ ഐ എക്‌സ് 787-8 വിമാനം സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്.






