പാരീസിലെ പാര്‍ക് ദി പ്രിന്‍സസിൽ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ ഇന്നലെ ഗോളുകളുടെ പെരുമഴയായിരുന്നു. ക്വിച്ച കവരത് സ്‌കെലിയയും ഒസുമാനെ ഡെംബലയും ഇരട്ടഗോളടിച്ച മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പിഎസ്ജി തോല്‍പ്പിച്ചത് നാലിനെതിരെ അഞ്ചുഗോളിന്. ഹാരി കെയിൻ 17-ാം മിനിറ്റിൽ ഗോൾ വല കുലുക്കി. അതോടെ സ്കോർ ബോർഡിന് ജീവൻ വെച്ചു. 24-ാം മിനിറ്റില്‍ പിഎസ്ജി സമനിലയാക്കി. അധിക നേരം കാത്തുനിൽക്കാതെ 33-ാം മിനിറ്റില്‍ ജാവോ നെവസും ഗോളടിച്ചതോടെ പാരീസുകാര്‍ ഒന്നിനെതിരെ രണ്ടുഗോളിന് മുന്നിലെത്തി. ഗാലറിയിൽ ആവേശം തീരുന്നതിന് മുൻപ് 41-ാം മിനിറ്റില്‍ ബയേൺ തിരിച്ചടിച്ചു. ഒസുമാന്‍ ഡെംബലയുടെ ഇഞ്ചുറി ടൈം ഗോളില്‍ ഒന്നാംപകുതി വരുതിയിലാക്കിയാണ് പാരീസുകാര്‍ മടങ്ങിയത്.
ആദ്യപകുതിയെ പോലെ സംഭവ ബഹുലമായിരുന്നു രണ്ടാം പകുതിയും. 56-ാം മിനിറ്റില്‍ ക്വിച്ച കവരത് സ്‌കെലിയ വീണ്ടും ഗോൾ വല കുലുക്കി. ഒട്ടും മടിക്കാതെ രണ്ടുമിനിറ്റിനകം ഒസുമാനെ ഡെംബലയും ഗോളടിച്ചു. ദയോട്ട് ഉപമെക്കാനോ 65-ാം മിനിറ്റില്‍ അടിച്ച ഗോളിൽ ഒന്ന് ഷോക്കായി. 68-ാം മിനിറ്റില്‍ ലുയിസ് ഡയസ് കൂടി ഗോളടിച്ചത് പിഎസ്ജിക്ക് കനത്ത പ്രഹരമായി.പിന്നീട് ഒരൊറ്റ ഗോളും അടിക്കാനാവാതെ പിഎസ്ജിയുടെ പ്രതിരോധ കോട്ടയിൽ ബയേൺ അടിപതറി. അങ്ങനെ 5 ഗോളുകൾക്ക് പിഎസ്ജി ആദ്യപാദ സെമിയിൽ മുന്നേറി. മേയ് ആറിന് രാത്രി 12.30ന് മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് രണ്ടാംപാദ മത്സരം.




