പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ടുള്ള തുലാഭാരം നേർന്നു. ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാടു നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിൽ ഈ വഴിപാടു നേർന്നത്.
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൈപ്പത്തി പ്രതിഷ്ഠയുള്ളതിനാൽ പ്രത്യേകതയുള്ളതാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ട് കൈപ്പത്തികളാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സന്ദർശിച്ചതോടെ ഈ ക്ഷേത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു.




