പൂനെ: പൂനെയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ മൂന്ന് അമേരിക്കൻ പൗരന്മാർ വിസ നിബന്ധനകൾ ലംഘിച്ച് മതപ്രചാരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യം വിടാൻ ഉത്തരവിട്ടു. 53, 65, 66 വയസ് പ്രായമുള്ള ഇവരോട് മെയ് 10നകം ഇന്ത്യ വിടണമെന്ന് ‘ലീവ് ഇന്ത്യ നോട്ടീസ്’ വഴി പൂനെ സിറ്റി പൊലീസ് നിർദ്ദേശിച്ചു.
ഏപ്രിൽ 19നും 21നും ഇടയിൽ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവർ ശുക്രവാർ പേഠ് മേഖലയിൽ ടാക്സി ഡ്രൈവറെ സമീപിച്ച് വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്തതായാണ് ആരോപണം. ക്രിസ്തുമത വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചതും സംശയം ഉയർത്തിയതായി പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി.
തുടർന്നുള്ള അന്വേഷണത്തിൽ ഇവരുടെ ബാഗുകളിൽ നിന്ന് മതപ്രചാരണ സാമഗ്രികൾ കണ്ടെത്തിയതായും ടൂറിസ്റ്റ് വിസയിലെ നിബന്ധനകൾ ലംഘിച്ചതായും സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ഇമിഗ്രേഷൻ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നിശ്ചിത സമയത്തിനകം രാജ്യം വിടാത്തപക്ഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




