മുംബൈ: ചന്ദ്രാപുരില്‍ ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവര്‍ (45) മരിച്ച സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്. സ്വാഭാവിക മരണമെന്നു കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2023 ഏപ്രില്‍ 25ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു ജയന്ത് ബല്ലാവറുടെ മരണം. ആദ്യം സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. എന്നാല്‍, മരണത്തിനു മുന്‍പ് മകള്‍ ആര്യ നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
പ്രണയബന്ധത്തിന് എതിരുനിന്ന പിതാവിനെ ഇല്ലാതാക്കുകയായിരുന്നു ആര്യയുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍. പിന്നീട് വിവാഹിതയായ ആര്യ കഴിഞ്ഞ വര്‍ഷം പൊലീസ് സര്‍വീസില്‍ പ്രവേശിക്കുകയും, പിതാവിന്റെ മരണത്തെ തുടര്‍ന്ന് കോണ്‍സ്റ്റബിളായി ജോലി ലഭിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നത് കുടുംബകലഹത്തെ തുടര്‍ന്നാണ്. ആര്യയുടെ ഭര്‍ത്താവും പൊലീസുകാരനുമായ ആശിഷ് ഷെഡ്മാക്കെ പൊലീസില്‍ നല്‍കിയ വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ആര്യയും ആശിഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പൊലീസ് അറിയിച്ചു.




