കേരളത്തിലെ എയർപോർട്ടുകളിൽ നിന്നുള്ള വിന്റർ സീസൺ വിമാന സർവീസുകൾ മംഗളൂരു, ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയ കേന്ദ്രത്തിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജർ ആഷിഖ് അഹമ്മദിന്റെ ‘കേരള എയർടെക് കോറിഡോർ’ ആശയത്തിന് നല്‍കിയ പ്രതികരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ചായിരുന്നു സംഭവം.
“പ്രവാസികൾക്ക് സഹായകമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ചില പ്രധാന വിമാന സർവീസുകളാണ് കേരളത്തിൽ നിന്നു വഴി തിരിച്ചുവിട്ടത്. ഇവയെ വീണ്ടും സംസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ശക്തമാണ്. കേരളത്തിന്റെ ആവശ്യം അതുതന്നെയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരാണ് ഏറ്റവും കൂടുതൽ ഫ്ലൈറ്റുകൾ നഷ്ടമാകുന്നത് എന്നതും, പോയിന്റ് ഓഫ് കോൾ സൗകര്യം ലഭ്യമല്ലാത്തതിന്റെ കാരണവും ഈ വിമാനത്താവളത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള എയർടെക് കോറിഡോർ ആശയം സംസ്ഥാനത്തിന് കരുത്താകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ) ഏകോപിപ്പിച്ച് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി, ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള എയ്‌റ്ലിങ്ക് വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




