ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ സംസാരിക്കുന്ന വീഡിയോ സിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “ഇന്ദിരാഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല” എന്നും “അറസ്റ്റ് വരിക്കാൻ തന്നെയാണ് താൻ വന്നത്” എന്നും ദീപ്കെ വീഡിയോയിൽ പറയുന്നുണ്ട്.
നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി വിമർശിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് നേതാക്കൾ എത്തുന്നത് തടയാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നടപടിയാണിതെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പാർട്ടി ആരോപിച്ചു. കസ്റ്റഡിയിലുള്ള മൂന്ന് നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ഫോം 6 ഉപയോഗിച്ചുള്ള വോട്ടർ രജിസ്ട്രേഷനിൽ വലിയ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനായിരുന്നു സിജെപിയുടെ തീരുമാനം.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. ഡൽഹി മെട്രോ, ട്രെയിൻ എന്നിവയുൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾക്കും ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.




