ആലപ്പുഴ: കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കുട്ടികളടക്കം 10 വിശ്വാസികൾക്കും പോലീസുകാർക്കും പരിക്ക്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയായ ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ എത്തി. എന്നാൽ, ബന്ധുക്കളായ വൈദികരെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതാണ് സംഘർഷത്തിന് കാരണമായത്.
വിശ്വാസികളെ പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് പള്ളി മാനേജിങ് കമ്മിറ്റി ആരോപിച്ചത്. പെൺകുട്ടികളടക്കം പലർക്കും പരിക്കേറ്റതായും അവർ പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട പോലീസുകാർക്കെതിരെ നടപടി വേണമെന്നും അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം, നിയമം പാലിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സെമിത്തേരി ബില്ലിന് വിരുദ്ധമായി വൈദികർ പ്രവേശിക്കാൻ ശ്രമിച്ചതിനാൽ തടഞ്ഞതാണെന്നും, തുടർന്ന് വിശ്വാസികൾ ആക്രമിച്ച് പോലീസുകാരെ പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. യൂണിഫോം വലിച്ചുകീറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും അവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




