കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ പുണെയിൽ നിന്ന് കേരള പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം ചാറ്റും പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. കേസിൽ കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്തിനെ (26) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പോലീസ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെയാണ് കാണാതായത്. തുടക്കത്തിൽ കുട്ടിയുടെ അമ്മയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കുട്ടി വീട്ടിൽ നിന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും മാത്രമായിരുന്നു അന്വേഷണ സംഘത്തിനുണ്ടായിരുന്ന തെളിവുകൾ. കുട്ടിയുടെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോട് ഭാഗത്താണെന്ന് കണ്ടെത്തിയെങ്കിലും കുട്ടി ഒറ്റയ്ക്കല്ല യാത്ര ചെയ്തതെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങിയത്.
തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായിരുന്ന അഭിജിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റുകൾ പരിശോധിച്ചതോടെ കുട്ടി അഭിജിത്തിനൊപ്പമാണ് പോയതെന്ന നിഗമനത്തിലെത്തി. തുടർന്ന് അഭിജിത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
യാത്രയ്ക്കിടയിൽ പ്രതി ഫോൺ കൂടുതലായും സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ഇടയ്ക്കിടെ ഓൺ ചെയ്ത സമയങ്ങളിലെ ടവർ ലൊക്കേഷനുകൾ പരിശോധിച്ചാണ് പോലീസ് യാത്രാമാർഗം കണ്ടെത്തിയത്. സൈബർ അന്വേഷണത്തിലൂടെ ഇരുവരും നിസാമുദ്ദീൻ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയാണെന്ന് സ്ഥിരീകരിച്ചതോടെ കേരള പോലീസും റെയിൽവേ പോലീസും ചേർന്ന് പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ, പറവൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ ആലുവയിലെത്തിയ അഭിജിത്ത് കുട്ടിയെയും കൂട്ടി ബസ് മാർഗം കോഴിക്കോട്ടെത്തിയതായും തുടർന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പോലീസ് അറിയിച്ചു. ഡൽഹിയിലെ സുഹൃത്തിനെ കാണാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ പദ്ധതി മാറിയ സാഹചര്യത്തിലാണ് യാത്രയ്ക്കിടെ പുണെയിൽ നിന്ന് ഇരുവരെയും പിടികൂടാനായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഒൻപത് അംഗങ്ങൾ വീതമുള്ള രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തിയത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
12 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഭിജിത്തിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യത്തിലും വൈദ്യപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികളിലൂടെ വ്യക്തത വരുത്തും. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അഭിജിത്ത് നേരത്തേ ലഹരിക്കേസിൽ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.




