കൊച്ചി: പയ്യന്നൂർ മണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണൻ നേടിയ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂധനൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പ്രചാരണത്തിലൂടെയാണ് വി. കുഞ്ഞികൃഷ്ണൻ വിജയം നേടിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തനിക്കെതിരെ രക്തസാക്ഷി ഫണ്ട് കള്ളനാണെന്ന പ്രചാരണം നടത്തിയെന്നും, അതിന് യാതൊരു തെളിവുമില്ലെന്നും മധുസൂധനൻ ഹർജിയിൽ പറയുന്നു.
ഇത്തരം പ്രചാരണങ്ങൾ കാരണം നാട്ടുകാർക്കിടയിൽ തന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റെന്നും, തിരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന താൻ പിന്നീട് 7,000 വോട്ടിന് പരാജയപ്പെടാൻ ഇത്തരം അപവാദ പ്രചാരണങ്ങളാണ് കാരണമായതെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഹർജിയിൽ എട്ടോളം അപാകതകൾ കണ്ടെത്തിയതായി ഹൈക്കോടതി രജിസ്ട്രി അറിയിച്ചു. ഹർജി നിലനിൽക്കുമോയെന്ന കാര്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.




