കോഴിക്കോട്: പയ്യോളിയിൽ ഭക്ഷ്യ വസ്തു നിർമാണ യൂണിറ്റിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന. ഭക്ഷ്യ ഉൽപന്ന നിർമാണത്തിനായി ശേഖരിച്ച ഉപയോഗ ശൂന്യമായതും പഴകിയതും ഫംഗസ് ബാധ ഉള്ളതുമായ അസംസ്കൃത വസ്‌ത്തുക്കളാണ് സംഘം കണ്ടെത്തിയെത്.
പയ്യോളി ഷെറിൻ ഫുഡ് പ്രൊഡക്ട്‌സ് എന്ന ബ്രഡ് ക്രംബ് നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധന സംഘം കണ്ടെത്തിയത്.സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകി. ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിക്കുന്ന കാലാവധി കഴിഞ്ഞ ബ്രഡ്, ബൺ, മിക്സ്ചർ, റസ്‌ക്, ചപ്പാത്തി, പൊറോട്ട തുടങ്ങി പഴകിയതും കേടുവന്നതും പൂപ്പൽ പടർന്നതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ ഡ്രയറിൽ പ്രത്യേക അളവിൽ ചൂടാക്കി പൊടിച്ചെടുത്താണ് ഇവിടെ ബ്രഡ് ക്രംബ് നിർമിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞ ഇത് കട്‌ലറ്റും എണ്ണക്കടികൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളുടെയും നിർമാണത്തിന് വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. ഗുണനിലവാരമില്ലാത്ത തും പൂപ്പൽ ബാധിച്ചതുമായ ഏകദേശം 3000 കിലോഗ്രാം ബ്രഡ് ക്രംബ്, 500 കിലോഗ്രാം ചപ്പാത്തി, ബൺ, ബ്രെഡ് തുടങ്ങിയവ സ്‌ഥാപനത്തിൽ നിന്നും കണ്ടെത്തി.
കാലിത്തീറ്റ നിർമിക്കുന്നതിനായെന്ന പേരിൽ വ്യാപാരികളിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും കാലാവധി കഴിഞ്ഞതും പൂപ്പൽ പിടിച്ചതും ഗുണനിലവാ രം ഇല്ലാത്തതുമായ ഭക്ഷ്യ വസ്‌തുക്കൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ ക്രിമിനൽ കോടതിയിലേക്കുള്ള നിയമനടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്തര ത്തിൽ ദുരൂഹമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ സൂക്ഷി ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതായി സംശയ കരമായ സാഹചര്യം ശ്രദ്ധയിൽ പെട്ടാൽ, ഭക്ഷ്യ സൂരക്ഷാ വകുപ്പിനെ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഫുഡ് ആൻഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫിസർ ഡോ.വിജി വത്സൻ, ബാലുശേരി ഓഫിസർ പി.ജി. ഉൻമേഷ്, ടി.എം.അരവിന്ദ്, നഗരസഭ പി.എച്ച്ഐ കെ. നിഷ, ഹെൽത്ത് സൂപ്പർവൈസർ പി.മൊയ്തു, എസ്‌പിഎ ച്ച്ഐ ടി.രാജേന്ദ്രൻ, പി. എച്ച്ഐഎ എം.രജില എന്നിവർ നേതൃത്വം നൽകി




