പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ മർദ്ദിച്ചതായി പരാതി. കെഎസ്ആർടിസി ജീവനക്കാരനാണ് സംഭവത്തിൽ പ്രതിയായിരിക്കുന്നത്. ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് മർദ്ദിച്ചതെന്നാണ് പരാതി. അന്ധനായ വ്യക്തിയോടൊപ്പം എത്തിയ സ്ത്രീ ബസ് സ്റ്റാൻഡിൽ കാത്തുനിന്നവരോട് സഹായം അഭ്യർത്ഥിച്ചപ്പോഴാണ് വടി ഉപയോഗിച്ച് ആക്രമിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. തുടർന്ന് സ്ത്രീ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ ബസ് സ്റ്റാൻഡ് ഭിക്ഷാടന നിരോധിത മേഖലയായതിനാൽ അവരെ മാറ്റിയതാണെന്നും മർദ്ദിച്ചിട്ടില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ സ്ത്രീയും പുരുഷനും കഴിഞ്ഞ കുറേ നാളായി കേരളത്തിൽ താമസിച്ചുവരികയാണ്. നിലവിൽ ആലപ്പുഴയിലെ താമരക്കുളത്താണ് ഇരുവരും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





