ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു ക്യാമ്പസിനുള്ളിലെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിനിയായ യുവതി ക്രൂര പീഡനത്തിനിരയായതായി പരാതി. ഭക്ഷണവും മൊബൈൽ ഫോണും നിഷേധിച്ച് കഴിഞ്ഞ ആറുവർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നാണ് 23കാരി പൊലീസിൽ നൽകിയ മൊഴി.
ക്യാമ്പസിൽ താമസിക്കുന്ന അമർ, അൻഷു ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. 2021 ജൂൺ മുതൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. അസുഖബാധിതയായപ്പോഴും ഭക്ഷണം നിഷേധിച്ചിരുന്നതായും പുറത്തുള്ളവരുമായി സംസാരിച്ചാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മർദ്ദിക്കുകയുമായിരുന്നു പതിവെന്നും യുവതി വെളിപ്പെടുത്തി.
കഴിഞ്ഞ ഏപ്രിൽ 15-ന് പുലർച്ചെ ദമ്പതികൾ ക്രൂരമായി മർദ്ദിക്കുകയും തലമുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തതായും തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഭയം കാരണം പൊലീസിനെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.
എന്നാൽ മെയ് 4-ന് വീണ്ടും ഭക്ഷണം നിഷേധിക്കപ്പെട്ടതോടെ യുവതി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അയൽവാസികളുടെ സഹായം തേടി. ദയനീയാവസ്ഥ കണ്ട അയൽവാസികൾ ഭക്ഷണവും ഫോൺ സൗകര്യവും നൽകി. തുടർന്ന് ബന്ധുക്കളെയും ബംഗളൂരുവിലെ കുക്കി വിദ്യാർത്ഥി സംഘടന പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയും ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.






