കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾകലഹം തുടരുന്നതിനിടെ, ഹൈക്കമാൻഡിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണിത് സ്ഥാപിച്ചതെന്നാണ് വിവരം.
‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും വി ഡി സതീശന്റെ ചിത്രവും മാത്രമാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബോർഡ് സ്ഥാപിച്ചതാര് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിന് മുൻപ് കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂരിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സതീശനെ അനുകൂലിച്ചുള്ള പുതിയ ഫ്ലക്സുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുവായ പ്രതികരണങ്ങൾ ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നത് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും എങ്ങനെ കാണുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ നോക്കിക്കാണുകയാണ്.






