കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് പരാതി. പത്തനാപുരത്ത് പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവാണ് പിടിയിലായത്. ഇയാളെ നിർബന്ധിച്ച് തലമുടി വെട്ടിക്കുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കാർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദിക്കുന്നതിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ സമയത്ത് പ്രതി പൊലീസിനുനേരെ നായ്ക്കൂട്ടത്തെ ഇറക്കിവിട്ടെന്നും ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ സജീവ് മുടിയും താടിയും വെട്ടി എന്നുള്ള പൊലീസ് വാദങ്ങൾ കളവാണെന്ന് ഭാര്യ സിന്ധുവും മറ്റു ബന്ധുക്കളും പറയുന്നു. റീൽ തയാറാക്കി റീച്ച് കിട്ടാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.






