തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഇരുപതിനായിരത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകാതിരുന്നതായി പരാതി ഉയർന്നു. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതും ക്രമീകരണങ്ങളിലെ അപാകതകളും പ്രശ്നങ്ങൾക്ക് കാരണമായതായി ജീവനക്കാർ ആരോപിക്കുന്നു. വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന് സർവീസ് സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രിൽ 1 മുതൽ 7 വരെ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ എത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, കേന്ദ്രങ്ങളിൽ എത്തിയ പലർക്കും ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് ചെയ്യാനായില്ല. പിന്നീട് തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാൻ അവസരം നൽകാമെന്ന് അറിയിച്ചെങ്കിലും അവിടെയും എല്ലാവർക്കും ബാലറ്റ് ലഭിച്ചില്ല.
പോളിങ് സ്റ്റേഷനുകളിലേക്ക് പോകുന്നതിനുള്ള തിരക്കിനിടയിൽ ബാലറ്റ് ലഭിച്ചവർക്കുപോലും വോട്ട് രേഖപ്പെടുത്താൻ കഴിയാതിരുന്നതായും പറയുന്നു. ഓരോ ജില്ലയിലും ആയിരത്തിലധികം വോട്ടുകൾ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ നിർണായകമായതിനാൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി മൂന്ന് പ്രവൃത്തി ദിവസങ്ങൾ അനുവദിക്കണമെന്നും സംഘടനകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ ദിനം രാവിലെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളും പരിഗണിക്കാമെന്നതിനാൽ വൈകി വോട്ട് ചെയ്യുന്നതിൽ നിയമതടസമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.




