2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുകയെന്നതിൽ കുറഞ്ഞൊരു ലക്ഷ്യവും കോൺഗ്രസിനില്ല. അതിനുവേണ്ടി കഴിയുന്നത്ര രീതിയിലുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് സംസ്ഥാനത്ത് നടത്തിവരുന്നത്. മലബാറിൽ ഉൾപ്പെടെ പരമാവധി കരുത്തു കാട്ടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മലബാറിന് പുറത്തേക്ക് കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗും കരുക്കൾ നീക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ 20 വർഷമായി എംഎൽഎ ഇല്ലെന്ന ക്ഷീണം തീർക്കാൻ കോൺഗ്രസും ചർച്ചകൾ ആരംഭിച്ചതോടെ യുഡിഎഫിൽ സീറ്റുകൾ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവം. സീറ്റുകൾ വെച്ചുമാറുന്നതിൽ കോൺഗ്രസിലേയും മുസ്ലീം ലീഗിലേയും മുതിർന്ന നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ഇരുപാർട്ടികളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ഇതുവരെ നേതാക്കൾ തയ്യാറായിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ല്‍ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളില്‍ 11 സീറ്റിലും എല്‍.ഡി.എഫ് നേടിയപ്പോള്‍ കുന്ദമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു.സി രാമന് മാത്രമാണ് വിജയം നേടാനായത്.
2011ല്‍ 13 നിയമസഭാ സീറ്റുകളില്‍ 10ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നു. തിരുവമ്പാടിയില്‍ നിന്നും സി.മോയിന്‍ കുട്ടിയും കോഴിക്കോട് സൗത്തില്‍ നിന്നും എം.കെ മുനീറും കൊടുവള്ളിയില്‍ നിന്ന് വി.എം ഉമ്മറുമാണ് യുഡിഎഫ് പ്രതിനിധികളായി നിയമസഭയില്‍ എത്തിയത്.
2016ല്‍ 13 സീറ്റുകളില്‍ 11 സീറ്റും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളളയും കോഴിക്കോട് സൗത്തില്‍ എം.കെ മുനീറും. ഏറ്റവും അവസാനം നടന്ന 2021ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങി. വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ.കെ രമയും കോഴിക്കോട് സൗത്തില്‍ നിന്ന് മാറിയ എം.കെ മുനീര്‍ കൊടുവളളിയിലും വിജയിച്ചു.
2001ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് ആറ് സീറ്റുകളില്‍ വിജയിക്കാനായപ്പോള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതൊഴിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയില്ലെന്നതാണ് മണ്ഡലം വെച്ചുമാറുന്നതിലേക്ക് കോണ്‍ഗ്രസിനെയും എത്തിച്ചത്.
മലബാറിന് പുറത്ത് കൂടുതല്‍ ജില്ലകളില്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ലീഗിനും സീറ്റുകള്‍ വെച്ചുമാറുന്നതില്‍ അതൃപ്തി ഇല്ല. നിലവില്‍ മുസ്ലീം ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിച്ചാല്‍ വിജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥി വി.എം.ഉമ്മര്‍മാസ്റ്ററെ പരാജയപ്പെടുത്തി സി.പി.എമ്മിലെ ജോര്‍ജ്.എം.തോമസ് പിടിച്ചെടുത്ത മണ്ഡലമാണ് തിരുവമ്പാടി. 2021ലും ലീഗിന് മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
സി.പി ചെറിയ മുഹമ്മദിനെ തോല്‍പ്പിച്ച് സിപിഎമ്മിലെ ലിന്റോ ജോസഫാണ് തിരുവമ്പാടിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. തുടര്‍ച്ചയായി രണ്ട് വട്ടം ലീഗ് തോറ്റ മണ്ഡലം ഏറ്റെടുക്കുന്നത് ഗുണകരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഹൈന്ദവ വിഭാഗത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കത്തോലിക്ക സഭാ നേതൃത്വം പോലും മുന്നോട്ടുവച്ചിരുന്നു. ലീഗ് അതിന് വഴങ്ങിയിരുന്നില്ല. ഈ മണ്ഡലം അടുത്ത തവണ കോൺഗ്രസിന് ലീഗ് നൽകുവാനുള്ള സാധ്യതകൾ ഏറെയാണ്.
1980 മുതല്‍ സിപിഎമ്മിന്റെ കുത്തകയായ പേരാമ്പ്ര മണ്ഡലത്തില്‍ വര്‍ഷങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മാണ് മത്സരിച്ചുവന്നത്. കഴിഞ്ഞ തവണ ജോസ്.കെ.മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് പോയപ്പോള്‍ പേരമ്പ്രയ്ക്ക് പകരം കുറ്റ്യാടി അവര്‍ക്ക് നല്‍കുകയും സിപിഎമ്മില്‍ പ്രാദേശിക എതിര്‍പ്പ് രൂക്ഷമായപ്പോള്‍ ഒടുവില്‍ തിരിച്ച് സിപിഎമ്മിന് തന്നെ വിട്ടുനല്‍കുകയുമായിരുന്നു. യുഡിഎഫിലാകട്ടെ ലീഗിന് അധികമായി അനുവദിച്ച മൂന്നു സീറ്റില്‍ ഒന്ന് പേരാമ്പ്രയായിരുന്നു. കോങ്ങാടും കൂത്തുപറമ്പുമായിരുന്നു മറ്റ് സീറ്റുകള്‍.
ലീഗ് സ്ഥാനാര്‍ത്ഥിയായി സി.എച്ച്. ഇബ്രാഹിം കുട്ടി മത്സരിച്ചിട്ടും ഇടത് സ്ഥാനാര്‍ത്ഥി ടി.പി.രാമകൃഷ്ണനോട് 22,592 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ സീറ്റ് ലീഗില്‍ നിന്നും തിരിച്ച് വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പുതിയ പരീക്ഷണത്തിനാണ് ശ്രമം. പകരം കൊയിലാണ്ടി സീറ്റ് ലീഗിന് നല്‍കാനാണ് ആലോചന. കണ്ണൂര്‍ അഴീക്കോട് മണ്ഡലങ്ങള്‍ വെച്ചുമാറണമെന്ന ആവശ്യം കുറച്ച് കാലമായി കണ്ണൂരിലെ കോണ്‍ഗ്രസിനകത്തു നിന്നും ലീഗിനകത്തു നിന്നും ഉയരുന്നുണ്ട്.
കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ സുധാകരന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് അഴീക്കോട് നിന്നാണെന്നിരിക്കെ മണ്ഡലം വെച്ചുമാറാനാണ് ആലോചന. ജില്ലയില്‍ ലീഗിന് ഏറ്റവും ശക്തിയുള്ളത് കണ്ണൂര്‍ മണ്ഡലത്തിലാണ്. കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയുമാണ് ലീഗ്.
കണ്ണൂര്‍ സീറ്റ് കിട്ടിയാല്‍ ജയിച്ചുകയറാമെന്ന് ലീഗ് കണക്കുകൂട്ടുന്നു. മലബാറിന് പുറത്തേക്കും പല മണ്ഡലങ്ങളിലും കോൺഗ്രസ്സും ലീഗും തമ്മിൽ പരസ്പരം വെച്ചുമാറലിന്റെ സമവായത്തിലേക്ക് എത്തിയേക്കാം. വാശി കാട്ടി കൂടുതൽ സീറ്റ് കൈക്കലാക്കുക എന്നതിനപ്പുറത്തേക്ക് കൂടുതൽ മണ്ഡലങ്ങളിലെ വിജയം ഉറപ്പാക്കുക എന്നതാണ് കോൺഗ്രസും ലീഗും ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം.
Content: Congress to seize Kerala by hanging Malabar in 2026



