മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി ആദ്യം പാര്‍ട്ടിക്കകത്തും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തെരുവിലേക്കും പടര്‍ന്ന കോണ്‍ഗ്രസിലെ ചേരിപ്പോരാണല്ലോ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഇന്ന് വരെ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തിരികൊളുത്തിയ വെടിക്കെട്ട് ഇപ്പോള്‍ ഏകദേശം മുന്നണിയിലേക്ക് മൊത്തത്തിലായി ആളിപ്പടര്‍ന്നു കഴിഞ്ഞു. ഓരോ ദിവസവും ഓരോ പുതിയ നേതാക്കളായി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രംഗത്തും വരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇങ്ങനെ പാര്‍ട്ടിക്കുള്ളില്‍ കിടന്ന് അടിയുണ്ടാക്കാനേ കഴിയൂ, അവസാനം ഏതെങ്കിലും ഒരാളെ, അത് വിഡി സതീശനോ രമേശ് ചെന്നിത്തലയോ കെസി വേണുഗോപാലോ, അതോ ഇനി നാലാമത് ഒരാളോ ആണെങ്കിലും മറ്റൊരു കൂട്ടരുടെ സമ്മതം കൂടി വേണം. അതാണ് മുന്നണിക്കുള്ളിലെ മുസ്ലീം ലീഗിന്റെ സ്വാധീനം. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസില്ല എന്നതാണ് സ്ഥിതിയില്‍ നില്ക്കുമ്പോള്.
പറയുമ്പോള്‍ അത്ര പ്രാധാന്യം തോന്നിയില്ലെങ്കിലും, ലീഗിന്റെ പിന്തുണയെന്നത് കേരളത്തിലെ യുഡിഎഫ് തീരുമാനങ്ങളില്‍ അത്രയേറെ നിര്‍ണായക ഘടകമാണെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. അത് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലായാലും ജയിച്ചാല്‍ വകുപ്പുകളുടെ കാര്യത്തിലായാലും മുഖ്യമന്ത്രിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഏറ്റവും വലിയ ഘടകകക്ഷി എന്നതിനപ്പുറം, ലീഗ് പിടിക്കുന്ന സീറ്റുകളാണ് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുക. ഒപ്പം ലീഗ് വോട്ടുകള്‍ ലഭിച്ചാല്‍ മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്ന മണ്ഡലങ്ങളുമുണ്ട്. അത് തിരിച്ചറിഞ്ഞിട്ട് തന്നെയാണ് വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ വരെയുള്ള മൂന്നാഴ്ച്ചയോളം നീണ്ട കാലത്ത് പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധികളെല്ലാം പാണക്കാട്ടേക്ക് വണ്ടികയറുന്നത്.
കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകുമ്പോള്‍, ലീഗിന്റെ പിന്തുണ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രമുഖ നേതാക്കള്‍. കെ സി വേണുഗോപാലിന്റെ ദൂതനായി എ.പി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പാണക്കാട് സന്ദര്‍ശനം നടത്തിയത് പിന്തുണ തേടാന്‍ വേണ്ടിയെന്നാണ് സൂചന.




