പാലക്കാട് : ആലത്തൂർ ദേശീയപാത സ്വാതി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനായി രണ്ടുദിവസത്തിനകം സ്പീഡ് ട്രാക്ക് പൊളിക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി ട്രാഫിക് സിഗ്നൽ നീക്കും. ഒരാഴ്ചമുൻപ് ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം സിഗ്നലിന്റെ ടൈമർ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജങ്ഷനാണെന്ന് സൂചിപ്പിച്ച് മഞ്ഞവെളിച്ചം മിന്നിത്തെളിയുന്നതേ ഉണ്ടായിരുന്നുള്ളൂ. സിഗ്നൽ ഇല്ലാത്തതിനാൽ അപകടസാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നു.
ഇതിന് മറുപടിയായാണ് സിഗ്നൽനീക്കി സ്പീഡ് ട്രാക്ക് പൊളിക്കൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്. സ്പീഡ് ട്രാക്ക് പൊളിക്കുന്നതോടെ ഗതാഗതം ഇരുവശത്തും സർവീസ് റോഡിലൂടെ ഒറ്റവരിയായി തിരിച്ചുവിടും.
സ്വാതി ജങ്ഷനും കിണ്ടിമുക്കിനും ഇടയിൽ രണ്ടുവശത്തും ഗതാഗതം നിർത്തിവെച്ച് സർവീസ് റോഡിൽ പണി പുരോഗമിക്കയാണ്. പണി പൂർത്തിയാക്കാതെയാകും സർവീസ് റോഡ് തുറക്കുക. വാനൂരിൽ ചെറുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമുള്ള ചെറു അടിപ്പാത അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി കെ. രാധാകൃഷ്ണൻ എംപിയെ അറിയിച്ചിരുന്നു. ഇതിന്റെ നിർമാണവും ഇതിനൊപ്പം ആരംഭിക്കും.
സ്പീഡ് ട്രാക്ക് പൊളിക്കുന്നതോടെ സ്വാതി ജങ്ഷനിൽ ഗതാഗതതടസ്സവും കുരുക്കും ഉണ്ടാകുമെന്ന ആശങ്കയുണ്ട്. പെരുങ്കുളം, കാട്ടുശ്ശേരി, ഗാന്ധി ജങ്ഷൻ ഭാഗത്തുനിന്ന്
ആലത്തൂർ പട്ടണത്തിലേക്ക് പാത മുറിച്ചുകടക്കൽ ദുഷ്‌കരമാകും. മണ്ഡലകാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനത്തുനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ക്രിസ്‌മസ്-പുതുവർഷക്കാലത്തും തിരക്കേറും. ഇതിനിടെയാകും സ്പീഡ് ട്രാക്ക് പൊളിച്ച് പണിനടത്തുന്നത്. ദേശീയപാതയിൽ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, വാണിയമ്പാറ അടിപ്പാതകളുടെ കോൺക്രീറ്റ് ബോക്സ് വാർക്കൽ പൂർത്തിയായി.




