പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾവനത്തിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. പാറയുടെ ചെരുവിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്ന മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ പരിശോധനകൾക്കായി മാറ്റി.
ജൂൺ അവസാനത്തോടെയാണ് മോഹൻദാസ് വീട്ടിൽ നിന്ന് കാട്ടിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
മോഹൻദാസിനെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ, കെഡാവർ നായകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധന. ഒടുവിൽ ഇന്ന് നടത്തിയ വിശദമായ തെരച്ചിലിലാണ് ഉൾക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.




