പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ കണ്ടന്റ് ക്രിയേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ കാമുകിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശിവം റായ് (21) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് ഇയാളുടെ ബന്ധുവായ സുമിത് കുമാർ (20) എന്ന സാഹിലാണ്.
ജൂലൈ 23 മുതൽ സുമിത്തിനെ കാണാതായിരുന്നു. എന്നാൽ ഇയാൾ ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ സുമിത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇത് വിശ്വസിച്ച കുടുംബം ശിവമിന് 7,000 രൂപ കൈമാറുകയും ചെയ്തു.
അന്വേഷണത്തിൽ, സുമിത്തിന്റെ കാമുകിയുമായി ബന്ധുവെന്ന നിലയിൽ ശിവമിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി. യുവതിയുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകുന്നതിലൂടെ ഇരുവരും കൂടുതൽ അടുപ്പത്തിലായെന്നും തുടർന്ന് സുമിത്തിനെ ഒഴിവാക്കി യുവതിയെ സ്വന്തമാക്കണമെന്ന ഉദ്ദേശ്യത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പദ്ധതി പ്രകാരം സുമിത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവുകൾ നശിപ്പിക്കാൻ മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷവും മരിച്ചയാളുടെ ഫോൺ ഉപയോഗിച്ച് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
സുമിത്തിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ, സാങ്കേതിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശിവമിലേക്ക് സംശയം നീണ്ടത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


