പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ടെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തിനകം തിരിച്ചെടുത്തു. അടൂർ എംവിഡി സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി.എസ്. ലൈജുവിന്റെയും എം. ഷമീറിന്റെയും സസ്പെൻഷനാണ് ട്രാൻസ്പോർട്ട് കമ്മിഷണർ പിൻവലിച്ചത്.
ലൈജുവിനെ കഴക്കൂട്ടത്തേക്കും ഷമീറിനെ മാവേലിക്കരയിലേക്കുമാണ് സ്ഥലംമാറ്റിയത്. പുതിയ നിയമനം ഇരുവർക്കും അനുകൂലമായ നടപടിയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് അടൂരിൽവെച്ചാണ് ജീപ്പിന് പിഴ ചുമത്തിയത്. സംഭവത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രി സി.പി. ജോണിന് നേരിട്ട് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി അനൗചിത്യപരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിനാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
എന്നാൽ, ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെയല്ല വാഹനത്തിനെതിരെ നടപടിയെടുത്തതെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. അടൂരിൽ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പിഴ ചുമത്തിയതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ലൈറ്റുകൾ ഉൾപ്പെടെയുള്ളവ ഘടിപ്പിച്ചതിന് 2024ലും ഇതേ വാഹനത്തിന് പിഴ ചുമത്തിയിരുന്നു. നിയമം പാലിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന വിമർശനവും വകുപ്പിൽ ഉയർന്നിരുന്നു.
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെല്ലാം മെമ്മോ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പിഴ ഈടാക്കാതെയാണ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിയത്. പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ആലോചനകൾ നടക്കുന്നതിനിടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.











