ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കൾ കുടുംബത്തിന് അപകീർത്തി ഉണ്ടാക്കുകയും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുകയും ചെയ്യുമെന്ന് പഞ്ചാബ്– ഹരിയാണ ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമർശം.
കേസിൽ ഹർജിക്കാർ ഇരുവരും പ്രായപൂർത്തിയായ അവിവാഹിതരാണെന്ന് കോടതിയിൽ അറിയിച്ചു. പരസ്പരം ഇഷ്ടപ്പെടുന്നതായും സ്നേഹിക്കുന്നതായും പറഞ്ഞ അവർ, ഭാവിയിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതായും ഇപ്പോൾ ലിവിങ് ടുഗെദർ രീതിയിൽ താമസിക്കുന്നതായും വ്യക്തമാക്കി.
എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദർ ബന്ധമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ പോലീസ് സംരക്ഷണം നൽകുന്നത് ‘അവിഹിത ബന്ധത്തിന്’ പരോക്ഷ അംഗീകാരം നൽകുന്നതായി മാറുമെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ പറഞ്ഞു.
ഭരണഘടനയിലെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ, സ്വന്തം വീടുകളിൽ നിന്ന് ഒളിച്ചോടുന്നത് കുടുംബത്തിന് അപകീർത്തി ഉണ്ടാക്കുന്നതോടൊപ്പം മാതാപിതാക്കളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ബാധിക്കുന്നുവെന്നും കോടതി പറഞ്ഞു.






