തിരുവനന്തപുരം: സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സിപിഎം കൽപന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ഫാത്തിമാപുരം സ്വദേശിയായ ജിപ്സൻ (35) ആണ് അറസ്റ്റിലായത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഏതാനും ദിവസം മുൻപ് സ്പായിൽ എത്തിയ ജിപ്സനും ചില പരിചിതരും ചേർന്ന് തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇതിനെ തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി ജിപ്സനെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.




