കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകനും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷം. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് സംഭവം. കഴിഞ്ഞ നാലാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്ന് രാവിലെ നിദ ഷെർ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി. കോടതിക്ക് പുറത്ത് എത്തിയപ്പോൾ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു. സംഘർഷത്തിൽ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




