ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയും യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വീടിന്റെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീല-വെള്ള ചെക്ക് ഷർട്ട് ധരിച്ച ഒരാൾ എത്തി സമീപത്ത് ഇരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം വീടിന്റെ ഗേറ്റിന് പുറത്തായി മറ്റ് രണ്ട് പേർ നിൽക്കുന്നുവെന്നും കാണാം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ ചെക്ക് ഷർട്ട് ധരിച്ചയാൾ പിന്നിൽ നിന്ന് വയറിൽ കുത്തുകയായിരുന്നു.
കുത്തേറ്റതിനെ തുടർന്ന് ഫൈറോസ് വീടിനുള്ളിലേക്ക് ഓടിയപ്പോൾ അക്രമിയും പുറത്തുനിന്നിരുന്ന മറ്റ് രണ്ടുപേരും പിന്നാലെ പാഞ്ഞുകയറി. പിന്നാലെ മറ്റൊരാൾ കൂടി സംഘത്തിലേക്ക് ചേർന്നതായും ദൃശ്യങ്ങളിൽ കാണാം.
ഏകദേശം നാൽപ്പത് സെക്കൻഡിനുള്ളിൽ അക്രമിസംഘം സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് വീടിനുള്ളിലെ മുറിയിൽ നിന്നാണ് ഫൈറോസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 24-ന് വിവാഹം നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




