മുംബൈ: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക – ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 101.86 ഡോളറിലേക്ക് കുതിച്ചുയർന്നു. ഇതോടെ ഇന്ന് രാവിലെ ഇന്ത്യൻ ഓഹരി വിപണികൾ വലിയ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഇറാനിയൻ തുറമുഖങ്ങൾക്ക് ചുറ്റും നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക പദ്ധതിയിടുന്നതായും അതോടൊപ്പം ഇറാനുനേരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാൻ ഇസ്രയേൽ ലക്ഷ്യമിടുന്നതായുമുള്ള വാർത്തകൾ വിപണിയെ ബാധിച്ചിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 1415.93 പോയിന്റ് അഥവാ 1.83 ശതമാനം ഇടിഞ്ഞ് 76,134.32 എന്ന നിലയിലെത്തി. നിഫ്റ്റി50 സൂചിക 479.45 പോയിന്റ് 1.99 ശതമാനം ഇടിഞ്ഞ് 23,571.15 എന്ന നിലയിലുമായിരുന്നു.
നിലവിൽ സെൻസെക്സ് 1545.91 പോയിന്റ് അഥവാ 1.98 ശതമാനം ഇടിഞ്ഞ് 76,012.92 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 448.85 പോയിന്റ് അഥവാ 1.88 ശതമാനം ഇടിവിൽ 23,603.25 എന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്. അതേസമയം നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.28 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 2.60 ശതമാനവും ഇടിഞ്ഞു.




