കണ്ണൂർ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നേമം മണ്ഡലത്തിലെ സ്ഥാനാർഥി കെ.എസ്. ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിൽ രേവന്ത് റെഡ്ഡി പിണറായി വിജയനെ വിമർശിച്ചിരുന്നു. മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് “നീ പോ മോനേ വിജയാ” എന്നായിരുന്നു പ്രതികരണം. പിണറായി വിജയന്റെ “എക്സ്പയറി ഡേറ്റ് കഴിഞ്ഞു” എന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിന് മറുപടിയായി പിണറായി വിജയൻ പറഞ്ഞത്, ശമ്പളവും പെൻഷനും മുടക്കുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല. മറിച്ച് ഭരണനിർവഹണത്തിലും ജനക്ഷേമ പദ്ധതികളിലും പഠിക്കേണ്ടത് രേവന്ത് റെഡ്ഡിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലെ ജനക്ഷേമ മാതൃകകൾ പഠിക്കാൻ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.




