ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നയതന്ത്ര കുറിപ്പിലാണ് ഈ വിവരങ്ങൾ ഉള്ളതെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് പറയുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ പുതിയ നേതാവായിട്ടും പ്രധാന തീരുമാനങ്ങൾ എടുക്കാൻ പോലും കഴിയാത്ത നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖോമിൽ തന്നെയാണ് അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നതെന്നും കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അലി ഖമനേയിക്കായി ഖോമിൽ വലിയ ശവകുടീരം നിർമ്മിക്കുന്നതായും ഇവിടെ ഒന്നിലധികം ശവകുടീരങ്ങൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഖമനേയി കുടുംബാംഗങ്ങളെ ഇവിടെ സംസ്കരിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.
പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അടുത്തിടെ നടന്ന വ്യോമാക്രമണത്തിൽ അലി ഖമനേയിയോടൊപ്പം മൊജ്തബക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിരുന്നെങ്കിലും ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിരുന്നില്ല.




