തിരുവനന്തപുരം: ബെംഗളൂരുവില്‍ മരണപ്പെട്ട മലയാളി നഴ്സിംഗ് വിദ്യാർത്ഥിയായ ആദിത്യന്റ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ശിവന്‍കുട്ടി ഉറപ്പുനൽകി. ലഹരിക്കെതിരെ ഉറച്ച നിലപാടെടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്നാണ് കുടുംബം ആരോപിക്കുന്നത്. തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കുടുംബം നേരത്തെ ആരോപണം ഉയർത്തിയിരുന്നു. കര്‍ണാടക പൊലീസിന്റെ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേരള പൊലീസിന് പരാതി നൽകിയിരുന്നു. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാംവര്‍ഷം ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്‍.




