ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ 16കാരിയായ പ്ലസ് വൺ വിദ്യാർഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം നാലിനാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തിയത്. കനത്ത മഴയെ തുടർന്ന് യാത്രയ്ക്കായി സഹായം തേടിയ പെൺകുട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറി.
ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ഡൽഹി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളായ ഡ്രൈവർ കുൽദീപിനെയും കണ്ടക്ടർ സന്ദീപിനെയും തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


