കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ആത്മഹത്യ ചെയ്ത സംഭവത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കളോട് ആശാലത ഇക്കാര്യം പലതവണ പറഞ്ഞിരുന്നതായും സഹോദരൻ നിജിത് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ആശാലതയുടെ ഭർത്താവ് അജയൻ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് ഓഫീസിൽ താൻ ഒറ്റപ്പെട്ടതായി ആശാലത തന്നോട് പറഞ്ഞിരുന്നുവെന്നും അജയൻ പറഞ്ഞു.
എന്നാൽ സ്ഥലംമാറ്റമോ ഓഫീസിലെ സമ്മർദ്ദമോ ആത്മഹത്യയ്ക്ക് കാരണമായിട്ടില്ലെന്നാണ് എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. വ്യക്തിപരമായ കാരണങ്ങളാണ് ആശാലതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി കുടുംബം പറയുന്നു.
ആശാലതയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തന്നെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയതിൽ ആശാലതയ്ക്ക് വലിയ മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ഓഫീസിൽ താൻ ഒറ്റപ്പെടുകയാണെന്നും ആശാലത പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസർകോട് എഡിഎമ്മിനായിരുന്നു അന്വേഷണ ചുമതല.
കളക്ടർക്ക് സമർപ്പിക്കാനിരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കണ്ടെത്തൽ അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.
ആശാലത വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പൊലീസ് രേഖപ്പെടുത്തിയ മരണമൊഴിയിലും ഓഫീസിൽ താൻ ഒറ്റപ്പെട്ടതായും അത് തന്റെ മാനസിക നിലയെ ബാധിച്ചതായും പറഞ്ഞിരുന്നുവെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കെതിരെ നിയമപരമായും മറ്റ് മാർഗങ്ങളിലൂടെയും തുടർനടപടികൾ സ്വീകരിക്കാനുള്ള ആലോചനയിലാണ് കുടുംബം.





If you are looking for a real solution to win more often, this is the place. The tips and the platform are top notch. idsolusiwin is a hidden gem.