Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടമെടുത്ത് കടമെടുത്ത് ഇതെങ്ങോട്ട്…?! കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പരിധികൾ ലംഘിച്ച് മുന്നോട്ട്, കാലിയായി ഖജനാവ്; കാത്തിരിക്കുന്നത് അറുതിയുടെ നാളുകളോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ സാമ്പത്തിക നയങ്ങളുടെ ആകെത്തുകയാണ്.

ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടുകയാണ് യുഡിഎഫ് സർക്കാർ. ആറു തവണകളിലായി വായ്പാ പരിധിയുടെ പകുതിയലധികം ഇതിനോടകം സർക്കാർ എടുത്തു കഴിഞ്ഞു. ഏഴാമത്തെ കടമെടുപ്പ് കൂടിയാകുന്നതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തുടര്‍ച്ചയായി കടമെടുത്തു മാത്രം മുന്നോട്ടുപോകുന്ന ഈ രീതി സംസ്ഥാനത്തെ വർഷങ്ങളോളം നീണ്ടുനിൽക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ധനപരിപാലനത്തിലെ കടുത്ത കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് സംസ്ഥാനത്തെ ഈ ഗതികേടിലേക്ക് എത്തിച്ചതെന്ന് പറഞ്ഞ് അധികകാലം ഈ സർക്കാരിന് പിടിച്ചുനിൽക്കാനാകില്ല. റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും അനാവശ്യ ചെലവുകൾ കൂടിയതുമാണ് ഈ അവസ്ഥയുടെ കാരണമെന്ന് പറയുമ്പോഴും ഇതിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴികളാണ് UDF സർക്കാർ കണ്ടെത്തേണ്ടത്.

തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന പറഞ്ഞ മുഖ്യമന്ത്രി ഓരോ മാസവും കടം വാങ്ങിക്കൂട്ടുകയാണ്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 3000 കോടി രൂപയുടെ മുകളിലാണ് കടമെടുപ്പ്.

ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ക്കായി പതിനായിരം കോടിയോളം രൂപയാണ് വിഡി സതീശന്‍ സര്‍ക്കാരിന് കണ്ടെത്തേണ്ടി വന്നത്. ബോണസ്, ഉത്സവബത്ത, ക്ഷേമ പെന്‍ഷന്‍ മുന്‍കൂറായി നല്‍കല്‍, പൊതുവിപണിയിലെ ഇടപെടലുകള്‍ എന്നിവയ്ക്കായി വലിയ തുക ചെലവഴിച്ചു. ഇതിനായി ഓണത്തിന് തൊട്ടുമുമ്പ് മാത്രം 2200 കോടി രൂപ കടമെടുത്തിരുന്നു. ഓണക്കച്ചവടം സജീവമാകുമ്പോള്‍ വിപണിയില്‍ നിന്ന് നികുതി വരുമാനം കുതിച്ചുയരുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍ പണം വാരിയെറിഞ്ഞത്. പക്ഷേ ഓണം കഴിയുന്നതിന് മുമ്പേ തന്നെ ഖജനാവ് കാലിയാവുകയും കടമെടുപ്പിലേക്ക് കടക്കേണ്ടി വരുകയുമായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തില്‍ തന്നെ നിര്‍ണ്ണായകമായ പല പരിധികളും സംസ്ഥാനം കടന്നുകഴിഞ്ഞു. പൊതുവിപണിയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നുമായി ബജറ്റില്‍ ഉദ്ദേശിച്ച ആകെ കടമെടുപ്പിന്റെ പകുതിയോളം തുക ഇതിനകം തന്നെ എടുത്തു.

നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റില്‍ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം കടവും ആദ്യ നാലു മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ എടുത്തുതീര്‍ത്തു. അതായത് 26,461.75 കോടി രൂപ ഇതിനകം കടമായി വാങ്ങിക്കഴിഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 1800 കോടി രൂപയുടെ പുതിയ കടമെടുപ്പ്. മെയ് 18ന് അധികാരമേറ്റ് പത്ത് ദിവസം തികയും മുമ്പ് തന്നെ സതീശൻ സർക്കാർ ആദ്യകടമെടുപ്പ് നടത്തി. മെയ് 26ന് 1800 കോടി രൂപയാണ് കടമെടുത്തത്. തുടർന്ന് ജൂൺ ഒമ്പതിന് 2800 കോടി രൂപ കൂടി കടമെടുത്തു. ജൂൺ 26ന് വീണ്ടും 1800 കോടി രൂപ കടമായി വാങ്ങി. പിന്നീട് എല്ലാ മാസവും ഇത് തുടരുകയായിരുന്നു.

കടമെടുപ്പ് മാത്രമല്ല, റവന്യൂ കമ്മിയുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെ. ബജറ്റില്‍ ആകെ കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളം തുക ആദ്യ നാലു മാസങ്ങളില്‍ തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ ദൈനംദിന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഉറപ്പാണ്. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടി രൂപയുടെ കടപത്ര ലേലമാണ് ചൊവ്വാഴ്ച ആര്‍.ബി.ഐ. കേന്ദ്രങ്ങളില്‍ നടക്കുന്നത്.

ഓണക്കാല വിപണിയിൽ ഇപ്പോഴും സർക്കാരിന് പ്രതീക്ഷയുണ്ട്. ജി.എസ്.ടി. വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും അത് പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനമുണ്ടാക്കുമെന്നും ധനവകുപ്പ് അവകാശപ്പെടുന്നു. ആദ്യ നാലു മാസത്തില്‍ 13,880.82 കോടി രൂപയാണ് ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചത്. ഓണവിപണിയിലെ നികുതി കുടിശ്ശികകളും പിരിവും വഴി ഇത് ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, താല്‍ക്കാലിക നികുതി വരുമാനം കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതിലും അപ്പുറത്തേക്ക് കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു കഴിഞ്ഞു.

നിലവിൽ സംസ്ഥാനത്തിന്റെ കടവും ബാധ്യതകളും 26,461.75 കോടിയാണ്. ഡിസംബർ വരെ കേരളത്തിന്‌ എടുക്കാവുന്ന വായ്‌പാപരിധി 32,464 കോടിയാണെന്നിരിക്കെയാണ് വീണ്ടും 1800 കോടി രൂപ കൂടി കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ തുടങ്ങിയ വലിയ ചെലവുകൾകൂടാതെ വികസനാവശ്യങ്ങൾക്കും പണം കണ്ടെത്താതിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്‌തംഭനത്തെ നേരിടേണ്ടിവരും

വികസന പദ്ധതികള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ പണം അത്യാവശ്യമാണ്. വരാനിരിക്കുന്ന നാളുകളില്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ മാത്രമേ കേരളത്തിന് ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. അനാവശ്യ തസ്തിക നിയമനങ്ങള്‍, ഭരണപരമായ ധൂര്‍ത്ത്, ഉല്‍പ്പാദനക്ഷമമല്ലാത്ത മേഖലകളിലെ ചെലവഴിക്കലുകള്‍ തുടങ്ങിയവ കർശനമായി നിയന്ത്രിക്കണം. ഇല്ലെങ്കില്‍ വരും തലമുറയെക്കൂടി പൂര്‍ണ്ണമായ കടക്കെണിയിലാക്കുന്ന വന്‍ സാമ്പത്തിക ദുരന്തത്തിലേക്കാവും കേരളം ചെന്നു വീഴുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer