ന്യൂഡൽഹി: ക്ലാസിൽ അടങ്ങിയിരുന്നില്ലെന്ന പേരിൽ മൂന്ന് വയസുകാരനെ കസേരയിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഡൽഹിയിലെ സഫാറാബാദിലാണ് സംഭവം. മർദ്ദനത്തിൽ കുട്ടിയുടെ ചെവിക്കും കണ്ണിനും പരിക്കേറ്റതായി മാതാപിതാക്കൾ പറഞ്ഞു.
ഓഗസ്റ്റ് 18ന് കണ്ണിനും ചെവിക്കും നീരുമായി കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തി. പിന്നീട് കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. പരിശോധനയിലാണ് കുട്ടിക്ക് ക്രൂരമായ മർദ്ദനം ഏറ്റതായി വ്യക്തമായത്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓഗസ്റ്റ് 16, 17, 18 തീയതികളിലും കുട്ടിയെ മർദ്ദിച്ചതായി കണ്ടെത്തി. ബെൽറ്റിന് സമാനമായ വസ്തു ഉപയോഗിച്ച് കുട്ടിയുടെ കൈകൾ അനക്കാൻ കഴിയാത്ത വിധം കെട്ടിയിട്ടിരുന്നതായും ദൃശ്യങ്ങളിൽ കാണാം.
കസേരയിൽ ഇരുന്ന കുട്ടിയെ അധ്യാപിക കസേരയോടെ ചവിട്ടി താഴെയിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ക്ലാസിൽ അടങ്ങിയിരിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ ശിക്ഷിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ കുട്ടിയുടെ പിതാവിനോട് സിസിടിവി ദൃശ്യങ്ങൾ നൽകാൻ സ്കൂൾ അധികൃതർ 1,500 രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


