ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അദ്ദേഹത്തോടൊപ്പം 11 മന്ത്രിമാരും നാളെ തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ മന്ത്രിസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇടംനേടുമെന്നാണ് സൂചന. രണ്ട് മലയാളി നേതാക്കൾക്കും മന്ത്രിസ്ഥാനം ഉറപ്പായതായി റിപ്പോർട്ടുകൾ പറയുന്നു. കെ ജെ ജോർജും യു ടി ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരും ആദ്യഘട്ട മന്ത്രിസഭയിൽ ഉൾപ്പെടും.
പാർട്ടിക്കുള്ളിലെ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് ഭരണം കൈമാറുന്നതും ആദ്യ മന്ത്രിസഭാ പട്ടിക തയ്യാറാക്കുന്നതും. നാളെ വൈകിട്ട് നടക്കുന്ന ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കും.
ഈ മാസം 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭയുടെ പൂർണ്ണ വിപുലീകരണം നടക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






