ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുള്ളവർ ഏറെയുണ്ട്. എന്നാൽ ദിവസത്തിൽ ഇത്ര തവണ മുഖം കഴുകേണ്ട ആവശ്യമുണ്ടോ? പലതവണ മുഖം കഴുകുന്നത് ചർമം കൂടുതൽ തെളിയാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അമിതമായി മുഖം കഴുകുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും വരൾച്ചയും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യാം.
നന്നായി വിയർക്കുന്നവർ അതിനനുസരിച്ച് കഴുകുന്നത് നല്ലതാണ്. പ്രത്യേകിച്ച് എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമത്തിൽ ഇത് കൂടുതൽ പ്രയോജനകരമാണ്.
എന്നാൽ ചർമം വരണ്ടതോ വളരെ സെൻസിറ്റീവായതോ ആണെങ്കിൽ രണ്ടുതവണ ക്ലെൻസർ ഉപയോഗിക്കുന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാം. അത്തരക്കാർക്ക് രാവിലെ വെറും വെള്ളത്തിൽ മുഖം കഴുകുകയും രാത്രി മാത്രം മൃദുവായ ക്ലെൻസർ ഉപയോഗിക്കുകയും ചെയ്യുന്നത് പരിഗണിക്കാം. സെൻസിറ്റീവ് ചർമ്മം ഉള്ളവർ മുഖം കഴുകുമ്പോൾ ചർമത്തിൽ കഠിനമായി ഉരയ്ക്കുന്നത് ഒഴിവാക്കണം. വാഷ്ക്ലോത്ത്, കഠിനമായ സ്ക്രബ്ബർ തുടങ്ങിയവ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് ചർമത്തിന് ദോഷകരമാണ്.
മുഖക്കുരുവുള്ളവർക്ക് മുഖം വൃത്തിയായി സൂക്ഷിക്കുന്നത് പ്രധാനമാണ്. സാധാരണയായി രാവിലെയും രാത്രിയും മുഖം കഴുകുന്നത് നല്ലതാണ്. എന്നാൽ മുഖക്കുരു മാറുമെന്ന പ്രതീക്ഷയിൽ ദിവസം പലതവണ മുഖം കഴുകുന്നത് തിരിച്ചടിയാകാം. അമിതമായി കഴുകുന്നത് ചർമത്തിൽ ഇറിറ്റേഷൻ ഉണ്ടാക്കി മുഖക്കുരു കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.












