ലഖ്നൗ: ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ 19 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. വാടകക്കെട്ടിടത്തിൽ സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന വിജയ് കുമാർ ഗിരി (37) എന്ന ഡോക്ടറെയാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രി സീൽ ചെയ്യാനും ഡോക്ടറുടെ ബിരുദം റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും സംസ്ഥാന ആരോഗ്യ മന്ത്രി നിർദേശം നൽകി. പനിയെ തുടർന്ന് തിങ്കളാഴ്ചയാണ് 19 കാരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് ഓപ്പറേഷൻ തീയേറ്ററിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഓപ്പറേഷൻ തീയേറ്ററിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷമാണ് സംഭവം നടന്നതെന്നും യുവതി പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസും എസ്‌സി-എസ്ടി അതിക്രമനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.
മെയ് 21നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ആശുപത്രി സീൽ ചെയ്തതായും അഡീഷണൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ട്വിങ്കിൾ ജെയിൻ അറിയിച്ചു.






