വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. താൻ രാജ്യത്തിനായി നിരവധി കാര്യങ്ങൾ ചെയ്തതിനാലാണ് ഇത്തരം ആക്രമണങ്ങൾക്ക് ലക്ഷ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിന് ഇറാനുമായോ യുദ്ധപരിസരങ്ങളുമായോ ബന്ധമുണ്ടെന്ന് താൻ ഈ ഘട്ടത്തിൽ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കോൾ തോമസ് അലൻ എന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. തെക്കൻ കാലിഫോർണിയ സ്വദേശിയായ ഇയാൾ അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.
സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടക്കമുള്ള പ്രമുഖരെ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. വലിയ സ്വാധീനം ചെലുത്തുന്ന നേതാക്കളെയാണ് ഇത്തരം ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഈ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷിക്കാത്ത ആളുകൾ ഉണ്ടാകും. അതാണ് ഇത്തരം സംഭവങ്ങളുടെ കാരണം” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധമോ മറ്റ് അന്താരാഷ്ട്ര വിഷയങ്ങളോ ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കാമോ എന്ന ചോദ്യത്തിന്, നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സീക്രട്ട് സർവീസ് ട്രംപിനെ ഉടൻ സുരക്ഷിതമായി വേദിയിൽ നിന്ന് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.




