തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികളുടെ ജാമ്യഹർജി കോടതി വീണ്ടും തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഹർജി തള്ളിയത്. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം കൂടി ജയിലിൽ തുടരേണ്ടിവരും. അതിന് ശേഷമേ സ്വാഭാവിക ജാമ്യം ലഭിക്കുകയുള്ളൂ.
കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ജാമ്യം അനുവദിച്ചാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇ.ഡി.ക്കുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജെ. സന്തോഷ് കുമാർ കോടതിയിൽ ഹാജരായി. ജാമ്യഹർജി നൽകിയവരിൽ ശ്രീജിത്, അനിൽകുമാർ, ദിനീത് എൻ. നായർ, അമൽ, ദിനകർ, ഷിജു സലിം, നിഷാദ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. ഇവർ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണ്.



