ദുബായ്: യുഎഇയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പൊതു- സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക എന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസം 26 മുതൽ 29 വരെയാണ് ഔദ്യോഗിക അവധി. അറഫാ ദിനമായ 26നാണ് അവധി ആരംഭിക്കുന്നത്. ഇതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസം തുടർച്ചയായി വിശ്രമം ലഭിക്കും.
അതേസമയം, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധികൾ കൂടി ചേർത്ത് 10 ദിവസത്തെ ദീർഘ അവധിയാണ് ലഭിക്കുന്നത്. ഷാർജയിൽ നിലവിലുള്ള നാല് പ്രവൃത്തി ദിനങ്ങളുള്ള ജോലി രീതിയാണ് ഇതിന് കാരണം. മേയ് 17ന് ചന്ദ്രപ്പിറവി ദൃശ്യമായതോടെ ഇന്ന് ദുൽഹജ് ഒന്നായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം 26ന് നടക്കും. ബലിപെരുന്നാൾ ആഘോഷം 27നാകും.
ഹജ്ജിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിംകൾ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇയിലുടനീളം പെരുന്നാളിനായുള്ള ഒരുക്കങ്ങൾ സജീവമാണ്. വരും ദിവസങ്ങളിൽ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. ഉയർന്ന വിമാന നിരക്ക് കാരണം പല പ്രവാസി മലയാളികളും നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ്. പകരം ഒമാൻ പോലുള്ള സമീപ രാജ്യങ്ങളിലേക്ക് വിനോദയാത്രകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് പല കുടുംബങ്ങളും യുവാക്കളും.





