ഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബര്‍ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദേവന്റെ പ്രഭാവം വര്‍ധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു.
അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബര്‍ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ ഹര്‍ജിക്ക് പിന്നിലെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നല്‍, തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. അതിന് ദേവപ്രശ്നം നടത്തണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ക്കാരുടെ വാദം പരിഗണിച്ചാണ് കോടതി വിധി.
അതേസമയം, ഈ കേസ് പരിഗണിക്കുന്നത് കാരണം താന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയില്ലെന്നും ജഡ്ജി ജെ കെ മഹേശ്വരി കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ജസ്റ്റിസ് രവി കുമാറിന്റെ മകളുടെ വിവാഹത്തിന് താന്‍ ഗുരുവായൂരില്‍ പോയിരുന്നു. മറ്റു ജഡ്ജിമാര്‍ ദര്‍ശനം നടത്തിയപ്പോഴും താന്‍ ദര്‍ശനം നടത്തിയില്ല. അതിന് കാരണം ഈ കേസ് പരിഗണിക്കുന്നതാണെന്ന് ജെ കെ മഹേശ്വരി പറഞ്ഞു.


