ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇരുടീമുകളും തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയാറെടുക്കുകയാണ്. മത്സരത്തിൽ ജയിക്കാനായാൽ ഇരുടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ സജീവമാകും. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. ചെന്നൈ കളത്തിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും മലയാളി തരാം സഞ്ജു സാംസണിലേക്കാണ്. സഞ്ജു കളിച്ചില്ലെങ്കിൽ തകർന്നടിയുന്ന ചെന്നൈയെയാണ് കുറച്ചു മത്സരങ്ങളിലായി ആരാധകർ കാണുന്നത്. 8 കളിയില്‍ 6 പോയിന്ര്‍റ് മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം.
ലോകകപ്പ് ഹീറോകള്‍ കൂട്ടത്തോടെ നിറംമങ്ങിയതിന്റെ നിരാശയില്‍ ആണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവും നായകൻ ഹർദിക് പാണ്ഡ്യയും ഒന്നും ഫോം കണ്ടെത്താനാകാത്തത് ടീമിന് വലിയ തലവേദനയാണ്. ലോക ഒന്നാം നമ്പർ ബൗളറും മുംബൈ ഇന്ത്യൻസിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറക്കും കളിക്കളത്തിൽ തിളങ്ങാനാകാത്തതും ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമടക്കം നാല് പോയിന്റോടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ.
മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയത്തിന്റെ ആത്തമവിശ്വാസത്തിലാണ് സഞ്ജു സാംസൺ എത്തുന്നത്. സഞ്ജു ഒരു ഭാഗത്ത് നിലയുറപ്പിക്കുകയും മറുപുറത്ത് മറ്റ് താരങ്ങളെല്ലാം ക്യാമിയോകളുമായി തിളങ്ങിയാലും മതിയാകും.കാത്തിരിപ്പിനൊടുവില്‍ ഗുജറാത്തിനെതിരെ നേടിയ അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്കവാദിന് ആത്മവിശ്വാസം നല്‍കുമെന്നും പ്രതീക്ഷ. ചെപ്പോക്കില്‍ ഇന്നലെ നെറ്റ്‌സില്‍ സിക്‌സാറുകള്‍ പറത്തിയ ധോണി ഇന്ന് കളിച്ചേക്കും.
നെറ്റ്‌സില്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് മെഡിക്കൽ സംഘം ക്ലിയറന്‍സ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിത് തിരിച്ചെത്തിയാൽ അത് മുംബൈക്ക് ആശ്വാസമാകും. ഓപ്പണർമാർ മാറ്റിനിർത്തിയാൽ ചെന്നൈയുടെ ബാറ്റിങ് നിര അത്ര ശക്തമല്ല. ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. തോൽവിയാണ് ഫലമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലത്തിനായോ അത്ഭുതങ്ങൾക്കായോ ഒരുപക്ഷെ അടുത്ത സീസണിന് വേണ്ടി തന്നെ കാത്തിരിക്കേണ്ടി വന്നേക്കാം.




