കൊല്ലം: പുനലൂർ നഗരത്തിലെ ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയ്ക്കിടെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട് മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് ശാരദ മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു രാമസ്വാമിയുടെ മരണം.
ശനിയാഴ്ച പുനലൂരിലെ ലോഡ്ജുകളിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് എംഎൽഎ റോഡിലെ ലോഡ്ജിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. കളനാശിനി കഴിച്ച നിലയിലായിരുന്നു ഇവർ. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുനലൂർ മണിയാറിലെ മകൾ സജിനിയുടെ വീട്ടിലെത്തിയതായിരുന്നു ദമ്പതികൾ. മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ അന്ന് തന്നെ ഇരുവരും ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കളനാശിനി കഴിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡ്ജിലെ മുറിയിൽനിന്ന് കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തി. സംഭവത്തിൽ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചു.




