കൊല്ലം: കൊല്ലം നഗരത്തിൽ കമ്മീഷണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് മറ്റ് കൊലപാതകങ്ങളുമായും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തമിഴ്നാട് വാൽപ്പാറയിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശി വിജു സുരേഷ് സ്ഥിരം കുറ്റവാളിയാണെന്നും വിവിധ കേസുകളിൽ നോട്ടപ്പുള്ളിയാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
അലഞ്ഞുതിരിഞ്ഞ് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് ലഭിക്കാത്തവരെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ടെന്നാണ് കണ്ടെത്തൽ. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാരപാതയും കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും കണ്ടെത്തുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ചരക്കുവാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും ലിഫ്റ്റ് ചോദിച്ചാണ് ഇയാൾ യാത്ര ചെയ്യുന്നതെന്നാണ് വിവരം. ഇതിനിടെ കല്ലുവാതുക്കലിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലും വിജു സുരേഷിന് പങ്കുണ്ടോയെന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രനെ (65) രക്തം വാർന്ന നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെ തലയ്ക്കേറ്റ മാരകമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കേസ് കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഈ കൊലപാതകത്തിന് പിന്നിലും വിജു സുരേഷാണോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇരു കേസുകളിലുമുള്ള സാമ്യതകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണെന്നും കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.






