വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്ക്. ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് ഇലോണ്‍ മസ്കിന്റെ വിമര്‍ശനം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലില്‍ നിരാശനാണെന്ന് മുന്‍പും മസ്ക് പറഞ്ഞിരുന്നു.
”ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കത് അറിയാം” – ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചു.
മസ്കിന്റെ വിമര്‍ശനത്തിനു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ”ഈ ബില്ലില്‍ ഇലോണ്‍ മസ്ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതില്‍ ഉറച്ചുനില്‍ക്കുന്നു” – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയുളള ബില്ലിനെതിരെ മസ്ക് പരസ്യ നിലപാടെടുത്ത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. പുതിയ ബല്ലിന്റെ പേരില്‍ ഉടക്കി മസ്ക് ഡോജില്‍ നിന്നും പടിയറങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.
അതേസമയം ‘ദ് വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന് പേരിട്ടിരിക്കുന്ന ബില്ല് നിയമമായാല്‍ നാട്ടിലേക്കു സ്ഥിരമായി പണമയയ്ക്കുന്ന, യുഎസില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. എച്ച് – 1ബി, എല്‍-1 പോലുള്ള വീസയില്‍ ജോലി ചെയ്യുന്നവരും ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡേഴ്സും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇവര്‍ അയയ്ക്കുന്ന ചെറിയ തുകയ്ക്ക് പോലും 5% നികുതി ചുമത്തും. പണം അയയ്ക്കുമ്പോള്‍ തന്നെ, ട്രാന്‍സ്ഫര്‍ ചെയ്യുന്ന ബാങ്കോ കറന്‍സി എക്സ്ചേഞ്ച് ഹൗസോ ഈ നികുതിപ്പണം അയയ്ക്കുന്ന ആളില്‍ നിന്ന് ഈടാക്കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചു യുഎസില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷം 32 ബില്യന്‍ ഡോളറാണ് ( 27.4 ലക്ഷം കോടി രൂപ) ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്. വരും വര്‍ഷങ്ങളിലും അവര്‍ ഇന്ത്യയിലേക്ക് ഇതേ തുക തന്നെയാണ് അയക്കുന്നതെന്ന് കരുതിയാല്‍പ്പോലും ഇപ്പോഴത്തെ ബില്ലനുസരിച്ചു അവര്‍ 1.6 ബില്യന്‍ ഡോളര്‍ (13,688 കോടി രൂപ) നികുതി കൊടുക്കണം.






