എറണാകുളം: ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ വിഷ്ണു കണ്ണൻ (37) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ‘മൈൻഡ് കണ്ണൻ’ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.
എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കൽ സ്വദേശിയുമായ മാഹിനും സുഹൃത്ത് നവാസിനുമാണ് ഓഫീസിൽ കയറി ആക്രമണമുണ്ടായത്. മാഹിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 5-നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് വിഷ്ണു കണ്ണനെ പൊലീസ് തന്ത്രപരമായി പിടികൂടിയത്.




