തിരുവനന്തപുരം: താൻ എല്ലായ്പ്പോഴും കോൺഗ്രസുകാരനായിരിക്കുമെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ വലിയ വിജയമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എല്ലാക്കാലവും പാർട്ടിക്കാരനായി തന്നെയാണ് പ്രവർത്തിച്ചതെന്നും അതിനാൽ യാതൊരു ഖേദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധിയാകുന്നതിനെക്കാൾ പാർട്ടി ഭാരവാഹിയായിരിക്കാൻ തന്നെയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നിരാശകളൊന്നുമില്ലെന്നും താൻ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാഷ്ട്രീയ നിലപാടുകളാണ് എന്റെ വ്യക്തത. അത് പദവികൾക്കായി പറയുന്നതല്ല,” എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






